'റീചാർജിങ് കുറഞ്ഞ നിരക്കിൽ' എന്ന പേരിൽ വ്യാജപ്രചരണം ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ്


മൊബൈൽ ഫോൺ കുറഞ്ഞ നിരക്കിൽ റീചാർജ് ചെയ്യാം എന്ന പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായ രീതിയിൽ വ്യാജപ്രചരണം നടക്കുന്നതായി കേരള പൊലീസ് അറിയിച്ചു. പ്രചരിക്കുന്ന പോസ്റ്റുകൾക്കൊപ്പം ഒരു വ്യാജ ലിങ്കും ലഭിക്കും. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഫോൺ പേ, ഗൂഗിൾ പേ, പേടിഎം മുതലായ ആപ്പുകളിലേയ്ക്കു പ്രവേശിക്കുന്നു. തുടർന്ന് റീചാർജിങിനായി യു.പി.ഐ പിൻ നൽകുന്നതോടെ പരാതിക്കാരന് തൻറെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകുന്നു.


ഇത്തരത്തിൽ ലഭിക്കുന്ന വ്യാജ റീചാർജ് സന്ദേശങ്ങൾ തീർച്ചയായും അവഗണിക്കണം. ഇത്തരം തട്ടിപ്പിന് ഇരയായാൽ പരമാവധി ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ് സൈറ്റ് മുഖേനയോ സൈബർ പോലീസിനെ അറിയിക്കാനും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. കാണുമ്പോൾ വളരെ ആകർഷകമായി തോന്നുന്ന രീതിയിലുള്ള പ്രചരണം തികച്ചും കബളിപ്പിക്കുന്നതാണ്. ലിങ്ക് ക്ലിക്ക് ചെയ്ത് ബാങ്ക് വിവരങ്ങളും പണവും നഷ്ടമാകാതിരിക്കാൻ പൊതുജനങ്ങൾ സൂക്ഷിക്കണം.