ഓണ്‍ലൈന്‍ ഡെലിവറി തട്ടിപ്പുകള്‍ സൂക്ഷിക്കുക

ഓണ്‍ലൈനിലൂടെ ഭക്ഷണവും വീട്ടുസാധനവും മറ്റ് സാമഗ്രികളും വാങ്ങിക്കുന്നവരാണ് ഇന്ന് നമ്മളില്‍ പലരും. ഓണ്‍ലൈനായി പണം അടച്ചും, സാമഗ്രി കയ്യില്‍ കിട്ടുമ്പോള്‍ പണം നല്‍കിയും ഓണ്‍ലൈന്‍ പര്‍ച്ചേസിങ് ആഘോഷിക്കുന്നവരാണ് മലയാളികള്‍. ഓണ്‍ലൈന്‍ ഡെലിവറി തട്ടിപ്പ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കേരള പൊലീസ് നല്‍കുന്ന മുന്നറിയിപ്പ് താഴെ കുറിക്കുന്നു. 


പാഴ്സല്‍ സര്‍വ്വീസ് ദാതാക്കളുടെ വെബ്‌സൈറ്റുകള്‍ ഓണ്‍ലൈനില്‍ തിരഞ്ഞ് അവരുടെ സേവനം നേടുമ്പോള്‍ ശ്രദ്ധിക്കുക. ഓണ്‍ലൈന്‍ ഡെലിവറി തട്ടിപ്പുകള്‍ ഇപ്പോള്‍ കൂടി വരികയാണ്. ഇത്തരം തട്ടിപ്പുകാര്‍ ഇമെയില്‍ അല്ലെങ്കില്‍ ടെക്സ്റ്റ് മെസ്സേജ് വഴി വ്യാജ ഡെലിവറി അറിയിപ്പുകളും ലിങ്കുകളും അയക്കുന്നു, ഇത് വ്യാജ വെബ്‌സൈറ്റുകളിലേയ്ക്കാണ് നിങ്ങളെ നയിക്കുന്നത്. അപ്രതീക്ഷിത അറിയിപ്പുകളും ലിങ്കുകളും വിശ്വസിക്കരുത്. വ്യാപാര സ്ഥാപനങ്ങള്‍/ ഡെലിവറി സര്‍വീസ് / ഓണ്‍ലൈന്‍ പര്‍ചേസിങ്ങ് പ്ലാറ്റ്‌ഫോംസ് എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന നിങ്ങള്‍ക്ക് ലഭിച്ച അറിയിപ്പ് ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ രണ്ടുമണിക്കൂറിനകം തന്നെ വിവരം 1930 ല്‍ അറിയിക്കുക.  www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാമെന്നും കേരള പൊലീസ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു.