വൈദ്യുതി ബില്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഫോണ്‍ വിളിക്കണ്ട

സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങളുടെ സത്യാവസ്ഥ തിരിച്ചറിയാന്‍ ഏറെ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് ഇന്ന് ജനങ്ങള്‍. അത്രയധികം വിശ്വസനീയമായ രീതിയിലാണ് സര്‍ക്കാര്‍ ഉത്തരവുകള്‍ എന്ന പേരില്‍ അറിയിപ്പുകളുടെ രൂപത്തില്‍ വ്യാജ സന്ദേശങ്ങള്‍ തയ്യാറാക്കപ്പെടുന്നത്. ഇത്തരത്തിലൊരു സന്ദേശമാണ് വൈദ്യുതി കണക്ഷന്‍ വിഛേദിക്കുന്നത് ഒഴിവാക്കാന്‍ നിങ്ങളുടെ ഇലക്ട്രിസിറ്റി ബില്‍ ഉടനടി ഒരു ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിച്ച് അപ്‌ഡേറ്റ് ചെയ്യണം എന്നാവശ്യപ്പെടുന്ന കേന്ദ്ര ഊര്‍ജ്ജമന്ത്രാലയത്തിന്റെ കത്ത്. എന്നാല്‍ ഈ കത്ത് കേന്ദ്ര ഊര്‍ജമന്ത്രാലയം പുറത്തിറക്കിയതല്ല എന്ന് പിഐബി ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കി. കത്തില്‍ കൊടുത്തിരിക്കുന്ന നമ്പറില്‍ വിളിച്ച് വ്യക്തിവിവരങ്ങളും സാമ്പത്തിക വിവരങ്ങളും കൈമാറരുത് എന്നും ഫാക്ട് ചെക്ക് വിഭാഗം അറിയിക്കുന്നു.