ശ്രുതിതരംഗം: കേള്‍വിയുടെ ലോകത്തെത്തിയത് 2344 കുട്ടികള്‍, സര്‍ജറിക്ക് 5.2 ലക്ഷം

പരിപാലനത്തിന് ധ്വനി പദ്ധതി, ചെലവ് 5006.99 ലക്ഷം


സംസ്ഥാനത്ത് അഞ്ച് വയസുവരെ പ്രായമുള്ള ശ്രവണ വൈകല്യമുള്ള കുട്ടികള്‍ക്ക് കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറിയിലൂടെ കേള്‍വിശക്തിയും തുടര്‍ച്ചയായ ഓഡിയോ വെര്‍ബല്‍ ഹബിലിറ്റേഷനിലൂടെ സംസാരശേഷിയും ലഭ്യമാക്കിക്കൊടുക്കുന്നതാണ് ശ്രുതിതരംഗം പദ്ധതി. 2016 മുതല്‍ ഇതുവരെ കേള്‍വിയുടെ ലോകത്തേക്ക് എത്തിയത് 2344 കുട്ടികളാണ്. 5006.99 ലക്ഷം രൂപയാണ് ഇതിനായി സംസ്ഥാന സര്‍ക്കരാര്‍ ചെലവഴിച്ചത്. പ്രതിവര്‍ഷം രണ്ട് ലക്ഷം രൂപവരെ കുടുംബ വരുമാനമുള്ള കുട്ടികള്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. സാമൂഹ്യനീതി വകുപ്പിന് കീഴില്‍ സാമൂഹ്യ സുരക്ഷാ മിഷന്‍ വഴിയാണ് 2012 മുതല്‍ ശ്രുതിതരംഗം പദ്ധതി നടപ്പാക്കിയിരുന്നത്. 2023-24 സാമ്പത്തികവര്‍ഷം പദ്ധതിയുടെ നടത്തിപ്പ് ആരോഗ്യവകുപ്പിന് കീഴിലെ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയെ (എസ്എച്ച്എ) ഏല്‍പ്പിച്ചു. സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി എസ്എച്ച്എക്ക് ലഭിച്ച 52 അപേക്ഷകളില്‍ 44 അപേക്ഷള്‍ സര്‍ജറിക്കായി അനുമതിയും ലഭിച്ചു. 




കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറി ചെയ്യുന്നതിന് സര്‍ക്കാര്‍ എം പാനല്‍ ചെയ്യപ്പെട്ട ആശുപത്രികളില്‍ സൗകര്യപ്രദമായവ ഗുണഭോക്താവിന് തെരഞ്ഞെടുക്കാവുന്നതാണ്. 5.2 ലക്ഷം രൂപയാണ് സര്‍ജറിക്കായി എസ്എച്ച്എ ആശുപത്രികള്‍ക്ക് നല്‍കുന്നത്. സമയബന്ധിതമായി കോക്ലിയര്‍ ഇംപ്ലാന്റ് നടത്തുന്നതിന് ശ്രുതിതരംഗം പദ്ധതി കൂടുതല്‍ ശക്തമാക്കുകയും നേരത്തെ കോക്ലിയര്‍ ഇംപ്ലാന്റ് നടത്തിയവരുടെ പ്രോസസര്‍ കേടാകുമ്പോള്‍ പകരം നല്‍കുന്നതിന് ധ്വനി പദ്ധതി ആവിഷ്‌ക്കരിക്കുകയും ചെയ്തിട്ടുണ്ട്. എസ്എച്ച്എയുടെ തനത് ഫണ്ടില്‍ നിന്ന് 33 കുട്ടികളുടെ ശ്രവണ സഹായി നന്നാക്കാന്‍ 60 ലക്ഷം രൂപ രണ്ട്മാസം മുന്‍പ് അനുവദിച്ചിരുന്നു. 




2016-17ല്‍ 109 കുട്ടികള്‍ക്ക് 373.42 ലക്ഷം, 2017-18ല്‍ 543 കുട്ടികള്‍ക്കായി 998.16 ലക്ഷം, 2018-19ല്‍ 201 കുട്ടികള്‍ക്കായി 447.45 ലക്ഷം, 2019-20ല്‍ 271 കുട്ടികള്‍ക്കായി 847.41 ലക്ഷം, 2020-21ല്‍ 558 കുട്ടികള്‍ക്കായി 797.45 ലക്ഷം, 2021-22ല്‍ 312 കുട്ടികള്‍ക്കായി 779.77 ലക്ഷം, 2022-23ല്‍ 350 കുട്ടികള്‍ക്കായി 763.33 ലക്ഷം എന്നിങ്ങനെയാണ് കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍, പരിപാലനം, പകരം നല്‍കല്‍ എന്നിവക്കായി സര്‍ക്കാര്‍ അനുവദിച്ചു കഴിഞ്ഞ തുക. ശ്രുതിതരംഗത്തില്‍ ശ്രവണ സഹായി വെച്ചുപിടിപ്പിക്കുന്നതിന് മാത്രമായിരുന്നു പണം അനുവദിച്ചിരുന്നത്. പത്ത് വര്‍ഷമായുളള മെഷീനുകള്‍ കേടാകുകയും നന്നാക്കാന്‍ പാട്സ് കിട്ടാതെ വരികയും ചെയ്തത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഇതിനുശേഷമാണ് മെഷീന്‍ പരിപാലത്തിനും മറ്റുമായി ധ്വനി പദ്ധതി സര്‍ക്കാര്‍ ആരംഭിച്ചത്.