കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി: മൂന്ന് വര്‍ഷത്തിനിടെ രോഗികള്‍ക്ക് അനുവദിച്ചത് 4015.6 കോടി

ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കാസ്പ്) യില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രോഗികള്‍ക്കായി അനുവദിച്ചത് 4015.6 കോടി രൂപ. 15,93,482 രോഗികളാണ് കാസ്പ് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചത്. ഇതില്‍ 453 കോടി രൂപ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിവരുന്നത്. പ്രതിവര്‍ഷം കാസ്പ് പദ്ധതിക്കായി സംസ്ഥാനം നീക്കിവെയ്ക്കുന്ന 1200 കോടി രൂപയില്‍ നിന്നാണ് രോഗികള്‍ക്ക് ബാക്കി തുക അനുവദിക്കുന്നത്.


ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ രാഷ്ട്രീയ സ്വാസ്ഥ്യ ബിമ യോജന (ആര്‍എസ്ബിവൈ) 2008ലാണ് കേരളത്തില്‍ ആരംഭിക്കുന്നത്. തുടക്കത്തില്‍ കേന്ദ പ്ലാനിംഗ് കമ്മീഷന്റെ ബിപിഎല്‍ ലിസ്റ്റ് പ്രകാരമുള്ള 11.79 ലക്ഷം കുടുംബങ്ങള്‍ മാത്രമാണ്  ആര്‍എസ്ബിവൈ പദ്ധതിയില്‍ അംഗങ്ങളായിരുന്നത്. ഈ പദ്ധതിയുടെ ഭാഗമായി പ്രതിവര്‍ഷം 30,000 രൂപ വരെയുള്ള സൗജന്യ ചികിത്സ തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലൂടെ ഒരു കുടുംബത്തിലെ പരമാവധി അഞ്ചു പേര്‍ക്ക് ക്യാഷ്ലെസ് ആയി നല്‍കിയിരുന്നു. എല്ലാ അസുഖങ്ങളും ഈ പദ്ധതിയുടെ പരിധിയില്‍പെടും. പദ്ധതി കൂടുതല്‍ കുടുംബങ്ങളിലേക്ക് എത്തിക്കാനായി 2010ല്‍ ചിസ് പദ്ധതി ആവിഷ്‌കരിച്ചു. പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ ചെലവ് വഹിക്കുന്ന ഈ പദ്ധതിയിലൂടെ കൂടുതല്‍ അര്‍ഹരായ കുടുംബങ്ങള്‍ക്ക് ചികിത്സാ സഹായം നല്‍കാന്‍ സാധിച്ചു. അതേ വര്‍ഷം തന്നെ എപിഎല്‍ വിഭാഗത്തെകൂടി ഉള്‍പ്പെടുത്തിയെങ്കിലും പുതുതായി അംഗത്വം പിന്നീടുള്ള വര്‍ഷങ്ങളില്‍ നല്‍കിയില്ല. കാന്‍സര്‍, കിഡ്‌നി / കരള്‍ / ഹൃദയ സംബന്ധമായ ചികിത്സകള്‍, ട്രോമാ കെയര്‍ എന്നിവയ്ക്ക് കൂടുതല്‍ ചെലവ് ഉള്ളതിനാല്‍, പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്താല്‍ ചിസ് പ്ലസ് പദ്ധതി 2012ല്‍ ആരംഭിച്ചു. ഇതില്‍ പരമാവധി 70,000 രൂപ വരെ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങള്‍ക്കായി ലഭിച്ചിരുന്നു.



2019 ഏപ്രില്‍ ഒന്നിനാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് (കാസ്പ് - KASP) തുടക്കമായത്. തിരഞ്ഞെടുക്കപ്പെട്ട ഓരോ കുടുംബത്തതിനും അഞ്ച് ലക്ഷം രൂപയുടെ ചികിത്സാ സഹായം ഈ പദ്ധതിയിലൂടെ നല്‍കി വരുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ റിന്യൂ ചെയ്ത 42.5 ലക്ഷം കുടുംബങ്ങള്‍ക്കാണ് കാസ്പ് പദ്ധതിയുടെ ഗുണം ലഭിക്കുന്നത്. 23.9 ലക്ഷം കുടുംബം കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായം ലഭിക്കുന്നവരും, 19 ലക്ഷം കുടുംബങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം ലഭിക്കുന്നവരുമാണ്. 30,000 രൂപ ധനസഹായം ലഭിച്ചിരുന്ന സമയത്ത് 75% കേന്ദ്രവും 25% സംസ്ഥാനവുമായിരുന്നു വഹിച്ചിരുന്നത്. പിന്നീടത് 60% കേന്ദ്രവും 40% സംസ്ഥാനവുമായി. ധനസഹായം അഞ്ച് ലക്ഷം രൂപയാക്കിയപ്പോള്‍ ഒരു കുടുംബത്തിന് 1052 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നത്. അതിന്റെ 60 ശതമാനം 631.2 രൂപ നിരക്കില്‍ ഒരു കുടുംബത്തിന് എന്ന കണക്കില്‍ പ്രതിവര്‍ഷം 151 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വിഹിതമായി ലഭിക്കുന്നത്. അതേസമയം സംസ്ഥാനം പ്രതിവര്‍ഷം 1200 കോടി രൂപ കാസ്പ് പദ്ധതിക്കായി നീക്കിവക്കുന്നുണ്ട്.


കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സംയോജിത പദ്ധതിയായ ആര്‍.എസ്.ബി.വൈ, സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, കേരള സര്‍ക്കാര്‍ പദ്ധതിയായ ചിസ്, ആര്‍.എസ്.ബി.വൈ/ചിസ് കുടുംബങ്ങളിലെ 60 വയസിനും അതിനു മുകളിലും പ്രായമുള്ളവര്‍ക്കുള്ള സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ എസ്.ചിസ്, ലോട്ടറി വകുപ്പ് വഴി നടപ്പാക്കിയ ട്രസ്റ്റ് മോഡല്‍ പദ്ധതിയായ കരുണ്യ ബെനവലന്റ് ഫണ്ട് അഥവാ കെ.ബി.എഫ്, ആയുഷ്മാന്‍ ഭാരത് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന (പി.എം.ജെ.വൈ) എന്നിവയാണ് കാസ്പ് പദ്ധതിയുമായി സംയോജിപ്പിച്ചിരിക്കുന്നത്. കാസ്പ് പദ്ധതി പ്രകാരം 2020-21ല്‍ 3,56,096 രോഗികള്‍ക്കായി 759.88 കോടിയും , 2021-22ല്‍  5,76,955 രോഗികള്‍ക്കായി 1563.35 കോടിരൂപ, 2022-23ല്‍ 6,60,431 രോഗികള്‍ക്കായി 1692.37 കോടി രൂപ എന്നിങ്ങനെയാണ് നല്‍കിയത്.

കെ.ബി.എഫ് പദ്ധതിയില്‍  2020-21ല്‍ 9664 രോഗികള്‍ക്കായി 62.66 കോടി രൂപ, 2021-22ല്‍ 11692 രോഗികള്‍ക്കായി 93.66 കോടിരൂപ, 2022-23ല്‍ 18293 രോഗികള്‍ക്കായി 138.94 കോടി രൂപ എന്നിങ്ങനെയാണ് നല്‍കിയത്.