പൊതുമേഖല സ്ഥാപനങ്ങളുടെ നഷ്ടം ! തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകളിൽ വഞ്ചിതരാകരുത്

പുറത്തുവരുന്ന സിഎജി റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ പ്രവർത്തിക്കുന്ന 131ൽ 77 പൊതുമേഖല സ്ഥാപനങ്ങളും നഷ്ടത്തിലാണെന്ന് പ്രചരിക്കുന്ന പോസ്റ്റുകൾ മനപൂർവ്വം സർക്കാർ നേട്ടങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. 18,026.49 കോടി രൂപയാണ് പൊതുമേഖല സ്ഥാപനങ്ങളുടെ ആകെ നഷ്ടമെന്ന് ആരോപിക്കുന്ന റിപ്പോർട്ടിൽ 2020 മുതൽ 2023 മാർച്ച് വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. 


എന്നാൽ കേരളത്തിൽ പൊതുമേഖല സ്ഥാപനങ്ങൾ ലാഭം ഇരട്ടിയായി മികവു തെളിയിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങൾ കാലങ്ങളായി നഷ്ടത്തിലായിരിക്കുകയും പിന്നീട് പൂട്ടിപ്പോകുകയും ചെയ്ത സ്ഥിതിയുണ്ടായിരുന്നതിൽ നിന്ന് വലിയ മുന്നേറ്റമാണ് ഈ സർക്കാരിന്റെ ഭരണകാലത്ത് പ്രകടമായത്.ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് പോലെ പൂട്ടിപ്പോയ പല കമ്പനികളും സർക്കാർ നേരിട്ട് ഏറ്റെടുക്കുകയും പ്രവർത്തനലാഭം നേടുകയും ചെയ്തു. 


സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ (എസ്.എൽ.പി.ഇ) 2023-24 സാമ്പത്തിക വർഷത്തെ പ്രവർത്തന റിപ്പോർട്ട് ധനവകുപ്പ് പുറത്തുവിട്ടിരുന്നു. 121 പൊതുമേഖലാ സ്ഥാപനങ്ങൾ 8750.6 കോടി രൂപയുടെ പ്രവർത്തന ലാഭമാണ് രേഖപ്പെടുത്തിയത്. ഇത് മുൻ വർഷത്തെ 5816.67 കോടി രൂപയുടെ പ്രവർത്തന ലാഭത്തിന്റെ ഇരട്ടിയാണ്. 53 പൊതുമേഖല സ്ഥാപനങ്ങൾ ലാഭത്തിൽ പ്രവർത്തിക്കുന്നുണ്ട്. 2023-24വർഷത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ നെറ്റ് ടേൺഓവർ 44203.25 കോടി രൂപയാണ്.


കഴിഞ്ഞ വർഷം നഷ്ടം റിപ്പോർട്ട് ചെയ്ത ഏഴോളം സ്ഥാപനങ്ങൾ ലാഭത്തിലായി. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ നേടിയ മൊത്തം ലാഭത്തിന്റെ 92.96 ശതമാനവും മികച്ച ലാഭമുണ്ടാക്കുന്ന 10 സംരംഭങ്ങളുടേതാണെന്നും ശ്രദ്ധേയം. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ്, ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഇന്ത്യൻ മെഡിസിൻസ്) കേരള ലിമിറ്റഡ് , കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്, കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളൊക്കെ ലാഭം നേടി. കണക്കുകളിലുണ്ടായ ഈ മുന്നേറ്റത്തെ അപ്പാടെ ഇല്ലാതാക്കുന്ന വിധത്തിലാണ് സർക്കാരിന്റെയും വ്യവസായ വകുപ്പിന്റെയും പ്രകടനങ്ങളുടെ ശോഭകെടുത്തുന്ന പോസ്റ്റുകൾ തയാറാക്കി പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നത്.