കായിക ഉച്ചകോടി പൂർണമായും നിയമാനുസൃതവും സുതാര്യവും; പ്രചാരണങ്ങൾ വാസ്തവവിരുദ്ധം


കായിക ഉച്ചകോടിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അങ്ങേയറ്റം വാസ്തവവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് കായിക വകുപ്പ് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. 2024 ജനുവരിയിൽ തിരുവനന്തപുരത്ത് നടന്ന മൂന്ന് ദിവസത്തെ ഉച്ചകോടിയിൽ ഓരോ ദിവസവും ആയിരത്തിലധികം പ്രതിനിധികളാണ് പങ്കെടുത്തത്. കായിക മേഖലയിൽ നിക്ഷേപം ആകർഷിക്കുക, ഗവേഷകരെയും പരിശീലകരെയും ഉൾപ്പെടുത്തുക, കായികസംഘങ്ങളെ ശാക്തീകരിക്കുക എന്നിവയായിരുന്നു ഉച്ചകോടിയുടെ ലക്ഷ്യം.


പുതിയ സ്റ്റേഡിയങ്ങൾ നിർമ്മിക്കാനുള്ള നിക്ഷേപ വാഗ്ദാനങ്ങളിൽ നിന്ന് ആരും പിന്മാറിയിട്ടില്ല. ഭൂമി സംബന്ധമായ നടപടിക്രമങ്ങൾ പൂർത്തിയായാലുടൻ നിർമ്മാണങ്ങൾ ആരംഭിക്കും.

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് 40 ലക്ഷം രൂപ വാടക നൽകിയെന്ന പ്രചാരണം തെറ്റാണ്. ഉച്ചകോടിക്ക് വേണ്ടി നടത്തിയ മറ്റ് സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള ചെലവിനെയാണ് വാടകയായി തെറ്റായി ചിത്രീകരിച്ചത്. സ്റ്റേഡിയം വാടകയായി ഒരു രൂപ പോലും നൽകിയിട്ടില്ല.


കായിക ഉച്ചകോടിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സർക്കാർ നിയമാനുസൃതമായാണ് നടത്തിയത്. മറ്റ് പ്രാചരണങ്ങൾ വാസ്തവിരുദ്ധമാണെന്നും ഓഫീസ് വ്യക്തമാക്കി.